Friday, September 21, 2007

ദൈവത്തിന്റെ സ്വന്തം നാട്

യു.എ.ഇ.യിലെ മലയാളി മെഡിക്കല്‍-ദന്ത വൈദ്യന്മാരുടെ കുട്ടായ്മയായ എ.കെ.എം.ജി എമിറേറ്റ്സ്
(അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജുവറ്റ്സ്)
ഈ വര്‍ഷത്തെ വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ച് (ദുബൈകോണ്‍ 2007) നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ, എ।കെ।എം.ജി അജ്മാന്‍-ഉമ്മല്‍ഖുവൈന്‍ ശാഖ അവതരിപ്പിച്ച പരിപാടി.
രംഗം ഒന്ന്
[അനൗണ്‍സ്‌മന്റ്‌: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പ്രശ്നങ്ങളൊഴിഞ്ഞ സമയമില്ലല്ലോ ....എന്നാല്‍ ദേവലോകവും പൂര്‍ണ സമാധാനത്തിലാണോ? നമുക്ക്‌ ഇന്ദ്രസദസ്സിലേക്ക്‌ ഒന്നു എത്തി നോക്കാം. എ.കെ.എം.ജി.അജ്മാന്‍ ഉമ്മല്‍ഖുവൈന്‍ അവതരിപ്പിക്കുന്ന ന്ര്ത്തസംഗീതശില്‍പം:"ദൈവത്തിന്റെ സ്വന്തം നാട്‌"]

[ഇന്ദ്രസദസ്സ്‌. പിന്നണിയില്‍ അഭൗമ സംഗീതം...സിംഹാസനം മാത്രം വേദിയില്‍. ഇളം നീലയും ചുവപ്പും കലര്‍ന്ന അരണ്ടവെളിച്ചത്തില്‍ അടിയില്‍നിന്നു മേഘപടലം നീങ്ങുന്നു. ചിലങ്കയുടെ ശബ്ദം. അംഗരക്ഷകന്‍ ഇരുട്ടില്‍ തപ്പിത്തടഞ്ഞ്‌ വരുന്നു]

അംഗരക്ഷകന്‍: എന്ത്‌, ദേവലോകത്തും പവര്‍ക്കട്ടോ? എന്താ ഇന്ന് ആട്ടവും പാട്ടും ഒന്നുമില്ലേ?
[വെളിച്ചം തെളിയുന്നു] ഹാവു,ഭാഗ്യം!

[ദേവേന്ദ്രന്‍ വീശിക്കൊണ്ടു പ്രവേശിക്കുന്നു.വിശറി അംഗരക്ഷകനെ ഏല്‍പിച്ച്‌ സിംഹാസനത്തില്‍ ഇരിക്കുന്നു. അംഗരക്ഷകന്‍ ഭവ്യതയോടെ വീശിക്കൊടുക്കുന്നു.]



ദേവേന്ദ്രന്‍: അവര്‍ വന്നില്ലേ?
അംഗ: ആരു പ്രഭോ?
ദേവേ: നമ്മുടെ ആസ്ഥാനനര്‍ത്തകിമാര്‍ തന്നെ...
അംഗ: ഉര്‍വശി-മേനകമാര്‍ക്ക്‌ ഇന്ന് അവധിയാണുപ്‌ പ്രഭോ. രംഭ-തിലോത്തമമാരെ വിളിക്കട്ടെ?
ദേവേ: അവരെ ഉടനേ വിളിക്കൂ..
[അംഗരക്ഷകന്‍ ഉള്ളിലേക്കു നോക്കി കൈകൊട്ടുന്നു]
[രംഭ-തിലോത്തമമാര്‍ പ്രവേശിച്ചു ദേവേന്ദ്രനെ വണങ്ങുന്നു।]
ദേവേ:ഗാനഗന്ധര്‍വനേയും വിളിക്കൂ।
[അംഗരക്ഷകന്‍ വീണ്ടും കൈകൊട്ടുന്നു]

[ഗന്ധര്‍വന്‍ പ്രവേശിച്ച്‌ വണങ്ങി നില്‍ക്കുന്നു]
ദേവേ: തുടങ്ങട്ടെ ഗാനഗന്ധര്‍വന്റെ ഈണത്തിനൊത്ത്‌ ദേവാംഗനകളുടെ ചടുലന്യത്തം....



[ഗാനവും ന്യത്തവും: ഗംഗേ.....]



[ന്യത്തം ആരംഭിച്ചു കുറച്ചു കഴിയുമ്പോള്‍ ദേവേന്ദ്രന്‍ പിറകില്‍ അസ്വസ്ഥതയോടെ ഉലാത്തുന്നു. ]

ദേവേ: നിര്‍ത്തൂ ഈ നടനം।
[പാട്ടും ന്യത്തവും പെട്ടെന്ന് നിലയ്ക്കുന്നു]
ദേവേ: മേരുപര്‍വതസാനുവില്‍ ദേവാധിപനായി വാഴാന്‍ തുടങ്ങിയതു മുതല്‍ നാം സഹിക്കുകയല്ലേ ഈ ആട്ടവും ചാട്ടവും!
[രംഭ-തിലോത്തമമാരും ഗന്ധര്‍വനും വിഷമത്തോടെ രംഗം വിടുന്നു...നാരദ മുനി പ്രവേശിക്കുന്നു]

നാരദന്‍: നാരായണ...നാരായണ.....ദേവേന്ദ്രന്‍ ഇപ്പോഴെങ്കിലും ഈ അപ്രിയസത്യം തുറന്നു പറഞ്ഞല്ലൊ.
ദേവേ: ലോകം പുതുമയിലേക്കു കുതിക്കുമ്പോള്‍ നമുക്കും വേണ്ടേ മാട്ടങ്ങള്‍, മുനിവര്യാ?
നാരദന്‍: ശരിയാണു ദേവേന്ദ്രാ॥നമുക്ക്‌ മനുഷ്യരില്‍ നിന്നും പലതും പഠിക്കാനുണ്ട്‌. ഭൂമിയില്‍, ദൈവത്തിന്റെ സ്വന്തം നാടെന്ന് അവര്‍ സ്വയം വിശേഷിപ്പിക്കുന്ന കേരളക്കരയില്‍ ദേവലോകനര്‍ത്തകിമാരെ വെല്ലുന്ന നടനമോഹിനികള്‍ വിരാചിക്കുന്നുണ്ടെന്നു കേള്‍ക്കുന്നു. നാരായണ..നാരായണ.
ദേവേന്ദ്രന്‍: അങ്ങനെയെങ്കില്‍..അവരില്‍ സമര്‍ത്ഥകളെ നമുക്ക്‌ ഇങ്ങോട്ട്‌ കൂട്ടിയാലോ?
നാരദന്‍: അങ്ങനെയാകാം ദേവേന്ദ്രാ॥
ദേവേന്ദ്രന്‍: ആട്ടെ, കേരളക്കരയിലെ രാജാവരെന്നു നിശ്ചയമുണ്ടോ?
[നാരദന്‍ ചിന്തിക്കുന്നതു കണ്ട്‌ അംഗരക്ഷകന്‍, തോള്‍ ഉയര്‍ത്തികാണിക്കുന്നു]
നാരദന്‍: നാരായണ...അച്യുതനാമം നാം മറക്കുകയോ...നമ്മുടെ അച്ചുമ്മാന്‍ തന്നെ മലയാളമന്നന്‍!

ദേവേന്ദ്രന്‍:ആളെങ്ങനെ? പഴയ മഹാബലിയെപ്പോലെ മിടുക്കനാണോ?
നാരദന്‍: മിടുക്കിനൊന്നും കുറവില്ല...പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്താന്‍ അരയും തലയും മുറുക്കി പലരും പിന്നാലേയുമുണ്ട്‌. നാരായണ...നാരായണ...കക്ഷി പക്ഷെ വലിയ വാശിക്കാരനാണു.. മുന്‍പ്‌ എന്തെല്ലാം വേണ്ടെന്ന് പറഞ്ഞുവോ, അതെല്ലാം വേണമെന്ന വാശിയിലാണിപ്പോള്‍.
ദേവേന്ദ്രന്‍:എന്നാല്‍ നാരദരേ, നാം തന്നെ നേരിട്ട്‌ പോയി കുറച്ചു കലാകാരികളെ തെരഞ്ഞെടുത്ത്‌ പോന്നാലോ?

നാരദന്‍:കൗമാര താരങ്ങള്‍ അരങ്ങുതകര്‍ക്കുന്ന യുവജനോത്സവവേദികളിലും, കൊച്ചിന്‍ കാര്‍ണിവലിലും നമുക്കൊന്നു പരതാം।

ദേവേന്ദ്രന്‍: എന്നാല്‍ ഒട്ടും വൈകേണ്ട। അമ്യതേത്തിനു എന്തെങ്കിലും കരുതണം.

അംഗരക്ഷ്കന്‍: അവിലും മലരും കല്‍ക്കണ്ടവും കുറച്ച്‌ അവലോസുണ്ടകളും മതിയാവില്ലേ പ്രഭോ

നാരദന്‍: നാരായണ॥നാരായണ..ആകാശയാനത്തില്‍ ഉണ്ട സ്യഷ്ടിച്ച കുണ്ടാമണ്ടികള്‍ ഈ മണ്ടശ്ശിരോമണി അറിഞ്ഞില്ലേ? യാത്ര തീരുന്നതുവരെ ഉണ്ടയുടെ കാര്യം മിണ്ടിപ്പോകരുത്‌।

അംഗരക്ഷകന്‍: ഓ॥ആകാമേ...അങ്ങനെയെങ്കില്‍ നാളെത്തന്നെ പുറപ്പെടാനുള്ള ഒരുക്കങ്ങള്‍ ചെയ്യട്ടെ?

നാരദന്‍: ദേവേന്ദ്രാ അങ്ങ്‌ യാത്രയില്‍ ഒന്നാംനിരയില്‍ തന്നെ ഇരുന്നാല്‍ മതി।

ദേവേന്ദ്രന്‍:അതെന്താ മുനിവര്യരേ?

നാരദന്‍: നാരായണ॥നാരായണ॥അപ്സരസ്സുകള്‍ ആതിഥേയകളായുള്ള യാത്രയിലെ അരണ്ടവെളിച്ചത്തില്‍, അബലയില്‍ തബല വായിച്ചെന്ന ആരോപണമോ മറ്റോ വന്നെങ്കിലോ?

ദേവേന്ദ്രന്‍: നമുക്കിട്ടു തന്നെ വേണോ നാരദരേ..

നാരദന്‍: നാരായണ..നാരായണ..
രംഗം 2

[സംസ്ഥാന കലാലയ യുവജനോത്സവവേദി। ദേവേന്ദ്രന്‍, നാരദന്‍, അംഗരക്ഷകന്‍ ആഘോഷങ്ങള്‍ ഒളിഞ്ഞു നിന്നു വീക്ഷിക്കുന്നു. തലയാട്ടി രസിക്കുന്നു]

ഡാന്‍സ്‌ : യുവന്ര്ത്തം: ധൂം മച്ചാലേ...ധൂം.....



[ന്ര്ത്തം തീരുന്നതോടെ ദേവേന്ദ്രന്‍, നാരദന്‍, അംഗരക്ഷകന്‍ വേദിയിലേക്കു വരുന്നു]

നര്‍ത്തകി: ങ്‌ ഹേ...ഇതെന്താ ഫാന്‍സി ഡ്രസ്സും ഉണ്ടോ? ഹൗ ഫണ്ണി!

അംഗരക്ഷകന്‍: നോ॥നോ॥ഫാന്‍സിയല്ലാ കുട്ടീ...ഇത്‌ മുപ്പത്തിമുക്കോടി ദേവകളുടെ അധിപന്‍ ദേവേന്ദ്രന്‍, മഹാമുനി നാരദര്‍, പിന്നെ ഞാന്‍ ഇന്ദ്രസദസ്സിലെ॥എന്താണു നിങ്ങള്‍ പറയുക...യെസ്‌..സെക്യൂരിട്ടി ചീഫ്‌..

ദേവേന്ദ്രന്‍: നാം നിങ്ങളെ ദേവലോകത്തേക്കു ക്ഷണിക്കാന്‍ വന്നതാണു‌। ഇന്ദ്രസദസ്സിലെ ആസ്ഥാനനര്‍ത്തകികള്‍ക്കൊപ്പം ന്ര്ത്തമാടാന്‍।

നര്‍ത്തകി:ഹോ! ഹൗ എക്സൈറ്റിംഗ്‌!ഒഫ്കോഴ്സ്‌ ഞാന്‍ വരാം। എനിക്കു ഇത്ര പെട്ടെന്ന് ദേവലോകത്തേക്കു വരാന്‍ പറ്റുമെന്നു വിചാരിച്ചില്ലാ॥എന്റെ ഗ്രാന്‍ഡ്‌ മാ 90ആം വയസ്സിലാണു പോയത്‌.എനിക്കു 2 വേ വിസ ആണല്ലൊ അല്ലേ? ഇടക്കൊക്കെ വിസിറ്റിനു മടങ്ങാമല്ലോ?

നാരദന്‍: തീര്‍ച്ചയായും। നാരായണ॥നാരായണ..കുട്ടി ഭാഗ്യവതിയാണു. ദൈവത്തിന്റേ ഈ നാട്ടിനേക്കാളും സാത്താന്മാരുടെ വിളയാട്ടം അങ്ങ്‌ ദേവലോകത്ത്‌ വളരെ കുറവാണു.

നര്‍ത്തകി: വെരി ഗുഡ്‌!എന്റെ ഫ്രണ്ട്‌സിനെയൊക്കെ കൊണ്ടുപോകാന്‍ പറ്റുമോ?

അംഗരക്ഷകന്‍: ഗേള്‍ ഫ്രണ്ട്സ്‌ ആണെങ്കില്‍ പറ്റും!

(ദേവേന്ദ്രന്‍ രൂക്ഷമായി നോക്കുന്നു)


നര്‍ത്തകി: അവിടെ മൊബെയില്‍ നെറ്റ്‌ വര്‍ക്ക്‌ ഉണ്ടോ? ചാറ്റ്‌ ചെയ്യാനും സൗകര്യം വേണം.


ദേവേന്ദ്രന്‍: നാം എല്ലാം ശരിയാക്കിത്തരാം।ഞങ്ങള്‍ പുറപ്പെടാന്‍ തയ്യാറാകുമ്പോള്‍ കുട്ടിയെ വിളിക്കാം। അതിരിക്കട്ടെ॥അടുത്ത പരിപാടി എന്താണു നാരദരേ?


നാരദന്‍: കൊച്ചു മിടുക്കരുടെ ന്ര്ത്തം അടുത്ത വേദിയില്‍ അരങ്ങേറുന്നുണ്ട്‌। നമുക്കൊന്ന് പോയാ?


ദേവേന്ദ്രന്‍: തീര്‍ച്ചയായും।നാളെയുടെ വാഗ്ദാനങ്ങളല്ലെ അവര്‍?


[കുട്ടികളുടെ ന്ര്ത്തം]


ദേവേന്ദ്രന്‍: അസ്സലായി! കൊച്ചുകുട്ടികള്‍ പോലും എത്ര സുന്ദരമായി നടനമാടുന്നു!

നാരദന്‍: പിച്ച വെച്ചു തുടങ്ങുമ്പോള്‍ മുതല്‍ കലാതിലക പട്ടത്തിനുള്ള തയ്യാറെടുപ്പല്ലെ? കുട്ടികളേക്കാള്‍ ഇവിടെ മാതാപിതാക്കള്‍ തമ്മിലാണു മല്‍സരം...


ദേവേന്ദ്രന്‍:ആട്ടേ, ഇനി നാം എങ്ങോട്ടാണു നാരദരേ?

നാരദന്‍: ന്ര്ത്തങ്ങള്‍ കുറേ കണ്ടില്ലേ? ഇനി ഒരു സംഘഗാനമായാലോ?


ദേവേന്ദ്രന്‍: മുന്നേ നടന്നോളൂ മുനിവര്യാ....


[സംഘഗാനം]


നാരദന്‍: നാരായണ...നാരായണ...നമ്മുടെ ഗുരുകുലം ഒരുനിമിഷം സ്‌ മൃതി മണ്ഡലത്തില്‍ ‍തെളിഞ്ഞു।


ദേവേന്ദ്രന്‍:ശരിയാണു..കൌമാരയൌവന സൗഹൃദങ്ങളുടെ മാധുര്യം തേട്ടി വരുന്ന മനോഹരഗീതമായിരുന്നത്‌..


നാരദന്‍:അതാ॥ആ വേദിയില്‍ വനിതകളുടെ നടനം അരങ്ങേറുന്നുണ്ട്‌!

ദേവേന്ദ്രന്‍: നടക്കൂ നാരദരേ...അതല്ലേ കണേണ്ടത്!



[വനിതകളുടെ സംഘന്ര്ത്തം]


ദേവേന്ദ്രന്‍: അസ്സലായി!ഇവരും ഒട്ടും മോശമാക്കിയില്ല॥ആരാണിവര്‍? നമുക്ക്‌ കൂട്ടികൊണ്ട്‌ പോകാമോ?

നാരദന്‍:വൈദ്യപത്നികളാണിവര്‍...അവരേ കൂട്ടുന്നെങ്കില്‍ വൈദ്യന്മാരേയും ഒപ്പം കൊണ്ടുപോകേണ്ടിവരും!

ദേവേന്ദ്രന്‍:അതു വേണ്ട നാരദരേ। നമ്മുടെ ധന്വന്തരി മഹര്‍ഷിക്കു പാരയാകും!

നാരദന്‍: അതാ അവിടെ ഒരു കൊട്ടും ഘോഷവും കേള്‍ക്കുന്നുണ്ടല്ലൊ।

ദേവേന്ദ്രന്‍: കുറേപ്പേര്‍ അണിനിരന്നിട്ടുണ്ടല്ലൊ॥മടങ്ങും മുന്‍പേ അതും കൂടി ദര്‍ശിച്ച്‌ കളയാം നമുക്ക്‌....








[സംഘന്ര്ത്തവും ഘോഷയാത്രയും]




[ഘോഷയാത്ര കഴിയുന്നതോടെ ദേവേന്ദ്രനും നാരദരും വരുന്നു]


ദേവേന്ദ്രന്‍: അതിഗംഭീരം॥നയനമോഹനം..നാം ഇത്രയും നിരീച്ചില്ല। ഈ മനുഷ്യര്‍ നമ്മേക്കാള്‍ ഒട്ടും മോശമല്ല...കണ്ടില്ലേ ആകാശത്ത്‌ പുഷ്പകവിമാനങ്ങള്‍ നമുക്കുവേണ്ടി വട്ടമിട്ടു പറക്കുന്നു!


നാരദന്‍: ദേവേന്ദ്രാ.. ഇതു കൊച്ചിയല്ലേ..വട്ടമിട്ടു പറക്കുന്നത്‌ കൊതുകുകളാണു!(കൊതുകിനെ ചപ്ലാംകട്ടകൊണ്ട്‌ അടിച്ചു കാണിക്കുന്നു.


[പിന്നണിയില്‍ നിന്ന് അനൗണ്‍സ്‌മന്റ്‌]:

സദസ്സ്യരുടെ പ്രത്യേകശ്രദ്ധക്ക്‌..അടുത്തതായി കേരളകലോല്‍സവത്തിന്റെ ഭാരവാഹികള്‍ ഈ ഘോഷയാത്രയില്‍ കെങ്കേമമായി പ്രച്ഛന്നവേഷം അവതരിപ്പിച്ച കലാകാരന്മാര്‍ക്ക്‌ സംഘാടകസമിതിയുടെ വകയായി പ്രത്യേക പുരസ്കാരം നല്‍കുന്നതിനായി വേദിയില്‍ എത്തുന്നു.

[പ്രസിഡന്റ്‌, സെക്രട്ടറി വേദിയിലേക്ക്‌]


നാരദന്‍: നാരായണ..നാരായണ...നാം പ്രച്ഛന്നവേഷധാരികളല്ല!യഥാര്‍ത്ഥ ദേവേന്ദ്രനും നാരദനും ആണു...


പ്രസിഡന്റ്‌: മനസ്സിലായി..മനസ്സിലായി...അഭിനയവും വേഷവും പൊടിപൊടിച്ചു..കണ്‍ഗ്രാചുലേഷന്‍സ്‌!


ദേവേന്ദ്രന്‍:പക്ഷേ...

പ്രസിഡന്റ്‌: ഒരു പക്ഷെയുമില്ല॥ഇതാ നിങ്ങളുടെ ട്രോഫി!


[ട്രോഫി നല്‍കി പോകുന്നു. സ്തംഭിച്ച്‌ ദേവവ്ര്ന്ദം)

നാരദന്‍:നാരായണ...ഇത്രയും കാലം മാനവനു വരം നല്‍കിയില്ലേ? ഒരുപഹാരം അവരില്‍നിന്നു വാങ്ങിയതില്‍ ഒരപാകതയുമില്ല!


devendran and naradan

ദേവേന്ദ്രന്‍: ശരിയാണു മുനിവര്യാ..ഏതായാലും ഇനി നമുക്കു മടങ്ങേണ്ട സമയമായി..നമുക്ക്‌ ഇവിടത്തെ മികച്ച കലാകാരരെ ദേവലോകത്തേക്കു ക്ഷണിക്കാം.ഇവരില്‍ നിന്നും പല നൂതനവിദ്യകളും നമുക്ക്‌ പഠിക്കാനുണ്ട്‌ നമ്മില്‍ നിന്നും ഇവര്‍ക്കും...ദേവരില്‍ മനുഷ്യാംശവും മനുഷ്യരില്‍ ദേവാംശവും കൂടിച്ചേര്‍ന്നാല്‍ ഇവിടം ദൈവത്തിന്റെ സ്വന്തം നാടു തന്നെയാകും എന്നതില്‍ ഒട്ടുമില്ല സംശയം!


[കര്‍ട്ടന്‍]